കൊച്ചിയിൽ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന പരിശോധനയിൽ ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവൻറ് മാനേജ്മെൻറ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്ത ഡോക്ടറായ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷൻ വിദ്യാർഥിയായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനും പിടികൂടി. 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കു മരുന്നുകൾ വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്.കടവന്ത്ര എസ്എച്ച്ഒ ആർ. ബിജു, സബ് ഇൻസ്‌പെക്ടർ പി.ആർ രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.