ബിജെപിയിൽ ജാതി വിവേചനം നേരിട്ടു; സ്ഥാനാർത്ഥിയായിരുന്ന ഡോ. ടി എൻ സരസു

കൊച്ചി: ബിജെപിയിൽ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തിൽപ്പോലും ഉൾപ്പെടുത്താതെ പാർട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഡോ. ടി എൻ സരസു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിൽ പരാതിയില്ല. എന്നാൽ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്.

പാർട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു. വോട്ടിന് വേണ്ടി താഴ്ന്ന ജാതിക്കാരെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈൻഡ് ആണെന്നും ടി എൻ സരസു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ടി എൻ സരസു. 2019ൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ടി വി ബാബു നേടിയതിനേക്കാൾ ഒരു ലക്ഷത്തോളം ടി എൻ സരസു അധികം നേടിയിരുന്നു.

ഗുരുവായൂരിൽ ഇത്തവണ അഡ്വ. ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരിൽ ട്വന്റി ട്വന്റിയുടെ ഡോ. വർഗീസ് ജോർജുമാണ് എൻഡിഎ സ്ഥാനാർത്ഥികൾ.