കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്‌നം; രാഹുൽ ​ഗാന്ധി

കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്‌നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പുതുപ്പള്ളിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയായിരുന്നു രാഹുൽ ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്‌നം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വനിത മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞപ്പോൾ ആവേശമില്ലാതെ കയ്യടിച്ച പുരുഷപ്രവർത്തകരെ പ്രസംഗത്തിനിടയിൽ അദ്ദേഹം പരാമർശിച്ചു. താൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സ്ത്രീകളെല്ലാം ആവേശത്തോടെ കയ്യടിച്ച് സ്വീകരിച്ചു, എന്നാൽ ആ ആവേശം പുരുഷന്മാർക്കിടയിൽ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ശബരിമല സ്വർണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും മോദി മിണ്ടാത്തതെന്തെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.