കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്.

നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ.