മദ്യ ശാലകൾ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂർ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. 48 മണിക്കൂർ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ , വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ , റേഡിയോ , സമാന മാദ്ധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു.