മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എൻറേതല്ല, എഐ ആണെന്ന് സംശയം : മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: മാത്യു കുഴൽനാടൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് പരിശോധിക്കണമെന്നും ഇത് എഐ ഉള്ള കാലമല്ലേയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്തപ്പോഴൊന്നും മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യങ്ങൾ ഉന്നയിച്ചില്ലല്ലോ എന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു. ജനതാദൾ നേതാവായിരുന്നു പ്രഭാതിനെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉപയോഗിക്കുകയാണ്. ചില അനാവശ്യ കാര്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ ആളാണ് പ്രഭാതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ മാത്യു ടി തോമസും തള്ളിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ മൂലമാണ് പ്രളയമുണ്ടായത്. സ്പിൽവേയുടെ ഷട്ടർ തുറന്നില്ലെന്നത് തെറ്റായ ആരോപണമാണ്. എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പ്രളയം മനുഷ്യനിർമിതമെന്നും ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നുമായിരുന്നു മോത്യു കുഴൽനാടന്റെ ആരോപണം. തോട്ടപ്പിള്ളി സ്പിൽവേ തുറക്കാതിരുന്നത് മണൽ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകൾ നടന്നു. ഇതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ മാത്യു കുഴൽനാടന്റെ ആരോപണം. കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയിൽ മുൻമന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.