മുഖ്യമന്ത്രിക്ക് സമനില ഒന്നുംകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ; വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ എന്നു വിളിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡാഷ് മോനേ എന്നു പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനേ എന്നാൽ എന്താണ് അർത്ഥം. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഒന്നുംകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ. അങ്ങനെയെങ്കിൽ കേരളത്തിന് മുഴുവൻ നാണക്കേടായേനെയെന്ന് വിഡി സതീശൻ പറഞ്ഞു. എന്റെ ദൈവമേ, കേരളത്തിന് എന്തു നാണക്കേടായേനെ, രാജ്യം മുഴുവൻ ഈ കേരളം അപമാനത്തോടുകൂടി തല കുനിച്ച് നിൽക്കേണ്ടി വന്നേനേയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയണമെന്ന് വിചാരിച്ചിരുന്നു. എന്നാൽ തിരക്കിനിടയിൽ അതിനു സാധിച്ചില്ല. മലയാളത്തിൽ ഏറ്റവും മോശമായ വാക്കുകൾ പറയുന്ന ആളാണ്. അദ്ദേഹത്തോട് സൂക്ഷിച്ചു സംസാരിക്കണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചയാളാണ് പിണറായി വിജയൻ.

52 വെട്ടു വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ചു. പാർലമെന്റിലെ മികച്ച പാർലമെന്റേറിയനായ എൻ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ച, 50 വർഷം കൂടെ നടന്ന കമ്യൂണിസ്റ്റിനെ പരമ ചെറ്റ എന്നു വിളിച്ച് മലയാള ഭാഷയ്ക്ക് ഒരുപാടു വാക്കുകൾ സംഭാവന ചെയ്ത ആളാണ് പിണറായി വിജയൻ. ഒരിക്കലും പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുത്, പറഞ്ഞാൽ തിരിച്ച് ഭൂമിയിൽ കേൾക്കാത്ത തരത്തിലുള്ള ഭാഷ ആ വായിൽ നിന്നും വരുമെന്ന് രേവന്ത് റെഡ്ഡിയെ ഉപദേശിക്കണമെന്ന് കരുതിയിരുന്നു. പിണറായിയോട് തമാശയ്ക്ക് പോലും പറയരുതെന്ന് പറയാൻ വിചാരിച്ചിരുന്നതാണ്. എന്നാൽ പറ്റിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു.