ശബരിമല യുവതീ പ്രവേശനം: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് നിർണായക ചോദ്യം. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നായിരുന്നു നാഗരത്നയുടെ പരാമർശം. യുവതീ പ്രവേശനത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാൻ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏതെങ്കിലും അയ്യപ്പവിശ്വാസി പറഞ്ഞിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടും. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യ ഹർജിയുമായി എത്തുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് നിര്‍വചിക്കാനും, നിർണയിക്കാനുമുള്ള അധികാരപരിധി കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിമാര്‍ മതത്തിലല്ല, നിയമമേഖലയിലാണ് വിദഗ്ധരായിട്ടുള്ളത്. അതിനാല്‍ മതേതര കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തോടുള്ള പ്രതികരണമായാണ് കോടതിയുടെ നിരീക്ഷണം. അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാര്‍ മേത്ത ചോദിച്ചിരുന്നു.

സോളിസിറ്റര്‍ ജനറലിന്റേത് തികച്ചും ലളിതവല്‍ക്കരിച്ച പ്രസ്താവനയാണെന്നും, ഒരു കാര്യം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അവകാശവും അധികാരപരിധിയും ഉണ്ടെന്നും ജസ്റ്റിസ് അമാനുല്ല ചൂണ്ടിക്കാട്ടി. മന്ത്രവാദം മതപരമായ ആചാരത്തിന്റെ ഭാഗമാണോ എന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.