തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക്. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.


ആദ്യ മൂന്ന് മണിക്കൂറിൽ 20.2 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. മുടവൻമുഗളിലെ ഗവ.എൽപി സ്കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് ചെയ്തു.























