അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവര്‍ തെന്നിമാറി; ബസിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ബസിന്റെ ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂര്‍ പുതിയാവിള മീനത്തില്‍ പുതുവല്‍ വീട്ടില്‍ പ്രകാശിന്റെ മകന്‍ ഗിരിപ്രകാശ് (24) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തിലെ സരോവരം പാര്‍ക്കിനു സമീപത്ത് വച്ച് ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ദേവാല റൂട്ടില്‍ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസാണ് അപകടത്തിന് ഇടാക്കിയത്. ബസ് ഉയര്‍ത്തി നിര്‍ത്തിയിരുന്ന ജാക്കി തെന്നി മാറുകയായിരുന്നു. ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിയ്ക്കായി ബസിനടിയില്‍ ഇരുവശത്തും രണ്ട് തൊഴിലാളികള്‍ കിടന്ന് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ജാക്കി തെന്നിമാറുകയായിരുന്നു.

ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കുമാണ് ബസ് വീണത്. ബസിനടിയില്‍ കുടുങ്ങിയ ഗിരിപ്രകാശിനെ പുറത്തെടുക്കാന്‍ സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.