കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് ബിഡിഎസ് വിദ്യാർഥി ആർ എൽ നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിൻ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തു വന്നിരുന്നു. അതിനിടെ, നിതിൻ രാജിന്റെ മരണത്തിൽ, ലോൺ ആപ്പിൽ നിന്നുള്ള മെസേജുകളും അന്വേഷണ പരിധിയിലുണ്ട്. അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസേജുകൾ ആണ് പരിശോധിക്കുക.

അധ്യാപികയുടെ നമ്പർ ലോൺ ആപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചെന്നത് നിർണായകമാണ്. നടപടി നേരിട്ട രണ്ട് അധ്യാപകർക്ക് പുറമെ കമൽ എന്ന ഹോസ്റ്റൽ വാർഡനും, ശ്രീലത എന്ന അധ്യാപികക്കും മരണത്തിൽ പങ്കെന്ന് നിതിൻ രാജിന്റെ അച്ഛൻ ആരോപിച്ചു. ശ്രീലത എന്ന അധ്യാപികയാണ് അവസാനം മകനെ ടോർച്ചർ ചെയ്തത് എന്നാണ് മകൾ പറഞ്ഞത്. അവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. കോളജിലേക്ക് പഠിക്കാൻ പോയ മകനെ മാനസിക വിഭ്രാന്തിയുള്ള കുട്ടിൾ താമസികുന്ന മുറിയിലാണ് പാർപ്പിച്ചത്. ഹോസ്റ്റലിൽ കടുത്ത മാനസിക സംഘർഷം ഉണ്ടായി – അദ്ദേഹം പറഞ്ഞു.


ലോൺ ആപ്പ് കാരണം പ്രശ്നം ഉണ്ടായെങ്കിൽ വീട്ടുകാരെ അറിയിക്കണമായിരുന്നുവെന്നും രാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കോൾ പോലും കോളജിൽ നിന്ന് എനിക്ക് വന്നിട്ടില്ല. മരണത്തിന് ശേഷം ആരും കോളേജിൽ നിന്ന് വിളിച്ചിട്ടില്ല. സഹപാഠികൾ എങ്കിലും സത്യം തുറന്ന് പറയണം – നിതിന്റെ അച്ഛൻ വ്യക്തമാക്കി.
നിതിൻ ലോൺ എടുത്തിട്ടുണ്ടെന്ന് അച്ഛൻ സ്ഥിരീകരിച്ചു. അമ്മയുടെ ചികിത്സ ആവശ്യത്തിനായി ആണ് ഓൺലൈൻ ലോൺ എടുത്തത്. കൃത്യമായി അടയ്ക്കുന്നുണ്ട്. ഇടക്ക് വീഴ്ച വന്നു, പിന്നീട് അടച്ചു. ടീച്ചറിന്റെ പേരിൽ ലോൺ എടുത്തു എന്നുള്ളത് കള്ളം – അദ്ദേഹം പറഞ്ഞു.
വിഷയം ഇന്ന് ഗവർണറുടെ മുന്നിൽ അറിയിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.























