കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ ക്യാംപസിൽ ശക്തമായ പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ. പ്രതിഷേധത്തിനിടെ ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതർക്കെതിരെയും കുറ്റക്കാരായ അധ്യാപകർക്കെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു പ്രതിഷേധം. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പഠനം ബഹിഷ്കരിച്ചു. പ്രതിഷേധത്തിനിടെ പൊലീസും കെഎസ്യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സമരത്തിനെത്തിയ വനിതാ പ്രവർത്തകയെ പൊലീസ് വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് പല അധ്യാപകരിൽ നിന്നും മറ്റും താല്പര്യങ്ങൾ കൈപ്പറ്റിയാണ് വിദ്യാർഥികളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഒരു പാവപ്പെട്ട വിദ്യാർഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പൊലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്യു നേതാക്കൾ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെഎസ്യു രൂക്ഷമായി വിമർശിച്ചു. ‘പിണറായി ഉറങ്ങുകയാണ്’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെഎസ്യു വ്യക്തമാക്കി. ആരോപണ വിധേയരായ റാം, സംഗീത എന്നീ അധ്യാപകരെ ഇനി കോളജിൽ പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും കെഎസ് യു നേതാക്കൾ പറഞ്ഞു.


അതിനിടെ, അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ കേസെടുത്തു. നിതിൻ രാജിന്റെ ഓൺലൈൻ ആപ്പ് ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അധ്യാപിക പരാതി നൽകിയിരിക്കുന്നത്. തിരിച്ചടവിന്റെ പേരിൽ തട്ടിപ്പുകാർ നിരന്തരം വിളിച്ചിരുന്നെന്ന് വ്യക്തമാക്കി അധ്യാപിക നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്.























