കുംഭമേള വൈറൽ പെൺകുട്ടിയുടെ വയസ് 18 തന്നെ, ജനന സർട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ രേഖകളിൽ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെൺകുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ നൽകിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. വിവാഹത്തിനു മുൻപ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണിൽ ലഭ്യമാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവർ ആധാർ കാർഡും പാൻകാർഡും എടുത്തത്. ഈ രേഖകളിൽ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂർത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെൺകുട്ടി ഹാജരാക്കി.

വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാർ പരിശോധിച്ചിരുന്നു. അതേസമയം, പെൺകുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്. ആശുപത്രിയിലെ രേഖകളിൽ പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസാണ് പ്രായം.

ആശുപത്രിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു പൂവാർ പഞ്ചായത്തിലും ആദ്യത്തെ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡുമാണു പെൺകുട്ടി സമർപ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ആദ്യ ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മധ്യപ്രദേശിൽ പോയി അന്വേഷണം നടത്തേണ്ടിവരുമെന്നും ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ തിരുവനന്തപുരം റൂറൽ എസ്പി ജുവ്വനപ്പുഡി മഹേഷ് ചൂണ്ടിക്കാട്ടി.