നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭായോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം പരിഗണിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐക്ക് വിട്ടുകൊണ്ട് ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസ് ഏറ്റെടുക്കുന്നതിൽ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീൻബാബുവിന്റെ മരണത്തിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയാണ് ഏക പ്രതി.

നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാൻ തീരുമാനമെടുത്തത്. അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സിപിഎം എതിർക്കുകയാണ്. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വിലയിരുത്തിയതാണെന്നും, കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ആരോപിക്കുന്നു. വിഡി സതീശൻ സർക്കാർ കേന്ദ്ര ഏജൻസികളെയാണ് അമിതമായി വിശ്വസിക്കുന്നതെന്നും സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നു. നവീൻബാബുവിന്റെ യാത്രയയപ്പു വേളയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് സംഭവത്തിന് തുടക്കം. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യ ആരോപിച്ചത്. ആരോപണത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. പെട്രോൾ പമ്പിന് അനുമതി തേടിയ പ്രശാന്തന്റെ, പാർട്ട്ണർഷിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ നിലവിൽ കാണാനില്ലെന്ന് റിപ്പോർട്ടുകളുണ്ട്.