തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വെബ്‌സൈറ്റ് അപ്രത്യക്ഷമായി. മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള നിയമനം പുരോഗമിക്കുന്നതിനിടെയാണ് സൈറ്റുകൾ അപ്രത്യക്ഷമായത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവിനെ സ്റ്റാഫിൽ നിയമിച്ചത് വിവാദമായിരുന്നു. ബന്ധുനിയമനം വിവാദമാകുന്നതിനിടെയാണ് സൈറ്റുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്.

പൊതുഭരണ വകുപ്പാണ് വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിന്റെ ഉത്തരവുകൾ ഉൾപ്പെടെ സൈറ്റുകൾ അപ്രത്യക്ഷമായതോടെ ജനങ്ങൾക്ക് ലഭിക്കാതിരിക്കുകയാണ്. ചില സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് വെബ്‌സൈറ്റ് ലഭിക്കാത്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. ഉടൻ തന്നെ സൈറ്റുകൾ തിരിച്ചുവരുമെന്നും അധികൃതർ അറിയിച്ചു. മന്ത്രിമാരുടെ സ്റ്റാഫ് നിമയനങ്ങളുടെ കൃത്യമായ അപ്‌ഡേഷൻസ് വെബ്‌സൈറ്റുവഴി ലഭ്യമാക്കണമെന്നിരിക്കെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായത് സംശയാസ്പദമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവിന്റെ നിയമനം കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുകയും അത് യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് വെബ്‌സൈറ്റ് അപ്രത്യക്ഷമാകലുമായി ബന്ധമുണ്ടോയെന്ന് ചോദ്യമുയരുകയാണ്.

























