‘അമ്മ’യ്ക്ക് കളങ്കം ഉണ്ടാക്കി, സംഘടനയെ തകർക്കാൻ ശ്രമിച്ചു: അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

നടി അൻസിബ ഹസ്സനെതിരെ കടുത്ത നടപടിയുമായി താരസംഘടനയായ ‘അമ്മ’. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണത്തിന്മേൽ നടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ‘അമ്മ’.

സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. ബൈലോയ്ക്ക് വിരുദ്ധമായി അച്ചടക്കലംഘനം നടത്തിയ നടിക്ക് എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് വരുന്ന 17-ാം തീയതിക്ക് മുൻപ് മറുപടി നൽകാനാണ് നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് സംഘടന കടക്കുമെന്നാണ് സൂചന.

നടി ലക്ഷ്മിപ്രിയ, നടൻ ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട കടുത്ത നിയമപോരാട്ടങ്ങൾക്കിടയിലാണ് അൻസിബയ്ക്ക് താരസംഘടനയിൽ നിന്നും ഇപ്പോൾ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.