സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഷിഗല്ല ബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം. വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സരോജിനിയുടെ മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് പതിനെട്ടുപേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. പന്ത്രണ്ട് ദിവസത്തിനുള്ളില്‍ 56 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഷി​ഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

പകർച്ചാ സാധ്യത കൂടുതലായ ഷി​ഗല്ല രോഗബാധ, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദ്ദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. രോഗികളുടെ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കാൻ ഒ.ആർ.എസ് പാനീയം ഇടക്കിടെ കുടിക്കണം. സർക്കാർ ആശുപത്രികളിൽനിന്നും അങ്കണവാടികളിൽനിന്നും ലഭിക്കുന്ന ഒ.ആർ.എസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയിപ്പിച്ചശേഷം ഉപയോഗിക്കാം. തയാറാക്കി 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉപയോഗിക്കരുത്. മരുന്നുകൾ നിർദേശിക്കുന്ന ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കണം.

ആഹാര-പാനീയ ശുചിത്വം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കണം. പാചകം ചെയ്യുന്നതിന് മുമ്പും ആഹാരം വിളമ്പുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവുമെല്ലാം സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകണം. കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെ ചെയ്യണം.