റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി

കോഴിക്കോട്: ബെം​ഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് ​ഗുരുതരപരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാ​ഗ്ദാനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്ദമം​ഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് സഹായവാ​ഗ്ദാനവുമായി റാപ്പിഡോ കമ്പനി രം​ഗത്തെത്തിയത്. യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുന്നതായും ഇൻഷുറൻസ് ക്ലെയിം നടപടികൾ പുരോ​ഗമിക്കുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു. റാപ്പിഡോ ബൈക്ക് ടാക്സിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റിട്ടും കമ്പനി തിരിഞ്ഞുനോക്കാതെ യുവതി ചികിത്സയിൽ കഴിയുന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

അതേസമയം, വെറും സഹായവാ​ഗ്ദാനം മാത്രം പോരെന്നും പൂർണസഹായം ഉറപ്പുവരുത്തണമെന്നുമാണ് സാനിയുടെ കുടുംബത്തിന്റെ നിലപാട്. ഇൻഷുറൻസ് ക്ലെയിം ചെയ്താലും ഒരുലക്ഷം രൂപ മാത്രമാകും ലഭിക്കുക. ഇതുവരെ മൂന്ന് ശസ്ത്രക്രിയകളാണ് സാനിയ്ക്ക് നടത്തിയത്. ഇതിനുമാത്രം ഭീമമായ തുക ചെലവായി. അതിനാൽ കൂടുതൽ സഹായം കമ്പനി ഉറപ്പുവരുത്തണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

ജൂൺ 17-നാണ് റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതിനിടെ സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. റാപ്പിഡോ ബൈക്ക് ടാക്സി ഒരു ട്രക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് തെന്നിവീഴുകയും സാനി കൃഷ്ണ തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സാനി മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും വിവിധ ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ​ഗുരുതര പരിക്കേറ്റ യുവതി ഇപ്പോഴും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.