‘സീതയാകാൻ എന്റെ ചിന്തകളിൽ പോലും ശുദ്ധി നിലനിർത്തി’; സായ് പല്ലവി

ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ച് നടി സായ് പല്ലവി. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് താരം വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ വച്ച് നടന്ന‘പ്രഥം സങ്കൽപ്’ വേദിയിലാണ് താരം മനസ്സ് തുറന്നത്.

‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’, സായ് പല്ലവി പറഞ്ഞു.

‘ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്’, സായ് പല്ലവി പറഞ്ഞു. ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയിൽ രൺബീർ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹം തേടി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. റൺബീർ കപൂർ ആണ് ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്നത്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24–നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ‘പ്രഥം സങ്കൽപ്’ ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വച്ചു നടന്നത്.