പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി; പാലാ നഗരസഭയിൽ യുഡിഎഫിന് അധികാരം നഷ്ടമായി

പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയിൽ യുഡിഎഫിന് അധികാരം നഷ്ടമായി. കോൺഗ്രസിലെ നാല് കൗൺസിലർമാർ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയർമാൻ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും രണ്ട് കോൺഗ്രസ് കൗൺസിലർമാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗൺസിലർമാരും യോഗത്തിന് എത്തിയില്ല.

അവിശ്വാസം പരാജയപ്പെടുത്താൻ നിലവിൽ ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാർക്ക് ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നു. പുളിക്കകണ്ടം കൗൺസിലർമാരുമായി യോജിച്ച് പോകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയത് ലംഘിച്ച് വോട്ട് ചെയ്തവരുടെ കാര്യത്തിൽ നേതൃത്വം തന്നെയാണ് അഭിപ്രായം പറയേണ്ടതെന്ന് ബിനു പുളിക്കകണ്ടം പ്രതികരിച്ചു. യുഡിഎഫ് നേതൃത്വത്തിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിർദേശമനുസരിച്ചാണ് ഞങ്ങൾ ഭരിച്ചത്. അതുകൊണ്ടാണ് കോൺഗ്രസിന്റെ ഔദ്യോഗിക പക്ഷം ഞങ്ങളോടൊപ്പം നിൽക്കുന്നത്. കോൺഗ്രസിന്റെ വിമതരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തിരിക്കുന്നത് – ബിനു പറഞ്ഞു.

നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. ഭരണപക്ഷത്തു തന്നെ പൊട്ടിത്തെറി ഉണ്ടായതിന്റെ പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസവും കൊണ്ടുവന്നത്.