പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിൽ; കള്ളാടി മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കും

കള്ളാടി മണ്ണിടിച്ചിൽ പ്രദേശം വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദർശിക്കും. വെള്ളിയാഴ്ചയോടെ ദുരന്തസ്ഥലം സന്ദർശിക്കും. ശേഷം പരിക്കേറ്റവരെയും കാണും. ഈ മാസം ഏഴിനാണ് കണ്ണാടിയിൽ തുരങ്കപാത നിർമ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേർ മരിച്ചത്. എംപി ആയിട്ടും ദുരന്തപ്രദേശം സന്ദർശിക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനമുയർത്തിയിരുന്നു.

അതേസമയം, കള്ളാടി ദുരന്തത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല എന്ന് സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നൽകിയിട്ടില്ല. ഒരു ദുരന്തം എങ്ങനെയാണ് ഈ സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോൾ വ്യക്തമായി എന്ന് റഫീഖ് 24നോട് പറഞ്ഞു. ജോലിക്ക് പോകാൻ ഇനിയും കഴിഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. സർക്കാരിൽ നിന്ന് നഷ്ടപരിഹാരം കിട്ടിയിട്ടില്ല എന്നും മണ്ണിടിച്ചിലിൽ പരിക്കേറ്റ ദമ്പതികളായ പാൽരാജും കൂടമ്മാളും പറഞ്ഞു. കള്ളാടി ദുരന്തം ഉണ്ടായി രണ്ടാഴ്ച ആയിട്ടും സർക്കാരിൽ നിന്നെ വേണ്ട ധനസഹായം ഗുണഭോക്താക്കൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് പരമാവധി രണ്ടര ലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചത്. കള്ളാടി ദുരന്തം സംഭവിക്കാൻ ഇടയായത് സർക്കാർ വീഴ്ചയാണ്. തുടർനടപടികളിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞു.