ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ രംഗത്ത്. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന് ചോദ്യം.

ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും കുറിപ്പില്‍ നല്‍കുന്നു.

വിസ്മയ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍;

ടിയര്‍ ഗാസ്, ലാത്തി ചാര്‍ജ്, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍, റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുന്നു. നഗരത്തിലാകാതെ കനത്ത ബാരിക്കേഡുകള്‍. ഇന്റര്‍നെറ്റ് നിരോധനം.പ്രതിഷേധക്കാര്‍ പറയുന്നത് അംഗീകരിക്കണം എന്നില്ല. അവരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കണമെന്നില്ല. ഭാഗമായ സംഘടനകളെ ഇഷ്ടപ്പെടണം എന്നു പോലുമില്ല.

പക്ഷെ പൊതുജനം ശബ്ദുമുയര്‍ത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം ആണ് മറുപടിയെങ്കില്‍, എന്ത് തരം ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെന്ന് നമ്മളെല്ലാവരും ചോദിക്കണം.

കാരണം നാളെ നിങ്ങളായിരിക്കാം ശബ്ദമുയര്‍ത്തുന്നത്. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ അയല്‍പക്കമായിരിക്കാം. നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. നിങ്ങളെല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്. തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?