കോൺഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമർഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികൾ; ആവർത്തിക്കില്ലെന്ന് രാഹുൽ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ അമർഷം അറിയിച്ച് ഇന്ത്യാ സഖ്യത്തിലെ ഘടകക്ഷികൾ. കോൺഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ലെന്ന് ഘടകകക്ഷികൾ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ സമരം നടത്തിയതെന്നും ഇനി അങ്ങനെ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളെ അറിയിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിലാണ് കോൺഗ്രസ് ഇതര പാർട്ടികൾ തങ്ങളുടെ അമർഷം അറിയിച്ചത്. ഇന്ത്യാസഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്ന് പ്രതിഷേധം ഒന്നിച്ചുനടത്താനായിരുന്നു ഇന്നലെ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് ശേഷം സ്ഥലത്തെത്താൻ പാർട്ടികൾ എംപിമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം റദ്ദാക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. അതിനുശേഷം കോൺഗ്രസ് തനിയെ പ്രതിഷേധം നടത്തുകയായിരുന്നെന്ന് ഘടകകക്ഷി നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.

സിപിഐ, സമാജ് വാദ് പാർട്ടി, ആർഎസ്പി, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളാണ് കോൺഗ്രസിനെതിരെ രംഗത്തുവന്നത്. സമരം പൊലീസ് ഒഴിപ്പിക്കുമെന്ന നില വന്നതോടെയാണ് കോൺഗ്രസ് നേതാക്കൾ ഘടകക്ഷി നേതാക്കളെ വിളിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇനി ഇത്തരത്തിലുള്ള സമരം നടത്തുമ്പോൾ ഘടകകക്ഷികളെ അറിയിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.