കോഴിക്കോട്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. റഹീം ഇരുപത് വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ് ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. മോചനം അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി പരിഗണിച്ചില്ല. മേയ് 26നായിരുന്നു ഇരുപത് വർഷം തടവിന് വിധിച്ചുള്ള കീഴ് ക്കോടതി വിധിയുണ്ടായത്. പിന്നാലെ പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചു. റഹീം 19 വർഷം തടവ് അനുഭവിച്ച സാഹചര്യത്തിൽ മോചനം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒരു വർഷം കൂടി പൂർത്തിയാക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് മേൽക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. മേൽക്കോടതി അനുവദിക്കുകയാണെങ്കിൽ ഒരു വർഷം മുമ്പേ റഹീമിന് ജയിൽ മോചിതനാകാൻ കഴിയും.

2006 ഡിസംബറിൽ ജോലിക്കിടെ സ്പോൺസറായ സൗദിപൗരന്റെ പതിനഞ്ചുകാരൻ മകൻ മരിച്ച കേസിലാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. കഴുത്തിന് താഴെ ചലനശേഷിയില്ലാതിരുന്ന ബാലനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി. അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ കൈതട്ടി കുട്ടി ബോധരഹിതനാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കൊലക്കുറ്റം ചുമത്തി സൗദി പൊലീസ് അറസ്റ്റ് ചെയ്ത റഹീം 2006 മുതൽ ജയിലിലാണ്. 34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

























