നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയന് പിന്തുണയുമായി ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാൻ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാൽ ചിലരുടെ ഇടപെടൽ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങൾക്കും എലിസബത്തിനുമിടയിൽ അവർ കൂടുതൽ അകലമുണ്ടാക്കി എന്ന് അഭിരാമി ആരോപിച്ചു. എലിസബത്തിന്റെ കൂടെ നിൽക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചവർക്കുള്ള മറുപടിയെന്നോണമാണ് അഭിരാമിയുടെ പ്രതികരണം.

‘നിങ്ങളുടെ കമന്റിലെ ആത്മാർഥതയും കരുതലും ഞങ്ങൾ മാനിക്കുന്നു. മാസങ്ങൾക്കു മുമ്പ് ഞങ്ങൾ എലിസബത്തിനെ ബന്ധപ്പെടാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ, ഞങ്ങളെ അകറ്റിനിർത്തുന്നതിൽ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടൽമൂലം ശ്രമം വിഫലമായി. അവർ സാഹചര്യം വളച്ചൊടിച്ച് ഞങ്ങൾക്കിടയിൽ കൂടുതൽ അകലമുണ്ടാക്കി. അതിനു ശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് എലിസബത്ത് തീരുമാനിക്കുകയായിരുന്നു.


പിന്തുണ അറിയിച്ച് അവരെ ബന്ധപ്പെടാൻ ഞങ്ങൾ രണ്ട് പേരും പലതവണ ശ്രമിച്ചിരുന്നു. എന്നാൽ, തനിക്കൊപ്പം നിൽക്കുന്ന കരുത്തരായ ആളുകളുടെ പിന്തുണയോടെ ഈ പോരാട്ടം അവർ ഒറ്റയ്ക്കു നടത്താൻ തീരുമാനിക്കുകയായിരുന്നു. വാസ്തവത്തിൽ ജീവിതകാലം മുഴുവൻ ഞങ്ങൾക്കു ലഭിച്ചതിനേക്കാൾ പിന്തുണ അവർക്കു ലഭിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾ ആത്മാർഥമായും സന്തുഷ്ടരാണ്. അയാൾക്കൊപ്പം വെറും രണ്ട് വർഷം ജീവിച്ച അവർക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കിൽ, 14 വർഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെ കുറിച്ച് ആലോചിച്ചു നോക്കൂ.
അയാൾ ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും എല്ലാവേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളർത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നൽകുകയും ചെയ്തു. ഞങ്ങൾക്ക് ഒരുതരത്തിലും ഉപകാരങ്ങൾ കിട്ടാതിരിക്കാൻ വേണ്ടി അയാൾ അയാളുടെ എല്ലാ വഴികളും ഉപയോഗിച്ചു. ഒരു അച്ഛനെന്ന നിലയിൽ അയാൾ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല. അതുതന്നെ അയാൾ ഏത് തരക്കാരനാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.
ഞങ്ങൾക്കുണ്ടായപോലെ ആരും എലിസബത്തിനെ സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ആരും അവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയോ, അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ എല്ലാ ക്രൂരതയിൽനിന്നും അവരെ ഒഴിച്ചുനിർത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ചുവന്നിരുന്നെങ്കിൽ ഈ പോരാട്ടം കുറച്ചുകൂടെ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. നിർഭാഗ്യവശാൽ ചിലർ ഇടപെട്ടു, ഞങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയിൽ വിഷംനിറച്ചു, അങ്ങനെ ആ സാധ്യതയും ഇല്ലാതാക്കി.
അതിന്റെ ഫലമായി ദീർഘകാലമായി ഞങ്ങൾക്കിടയിൽ ഒരുബന്ധമില്ല. എന്നാൽ അവർക്ക് എപ്പോഴെങ്കിലും ഞങ്ങളെ ആവശ്യമാണെങ്കിൽ ഞങ്ങൾ എപ്പോഴും അവർക്കൊപ്പമുണ്ടാവും. ഞങ്ങൾ വർഷങ്ങളോളം അനുഭവിച്ചു. ഇപ്പോഴും ആ മനുഷ്യൻ ഇക്കാര്യങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഞങ്ങൾ റിക്കവറിയുടെ പാതയിലാണ്. രണ്ട് വർഷത്തേയും പതിനാല് വർഷത്തേയും വേദനകൾ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഞങ്ങൾക്കറിയാം. അതിനാൽ, ദയവുചെയ്ത് ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തുക. എലിസബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുക’, അഭിരാമി സുരേഷ് കുറിച്ചു.























