കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി അസം സ്വദേശി പ്രസൻജിത്തിനെ പിടികൂടി. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്നാണ് പ്രതി പിടിയിലായത്. പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെയാണ് പ്രസൻജിത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായി ഇയാൾ നാടുവിട്ടിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബംഗളൂരുവിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിൽ നിർത്തിയതിനിടെ ഇയാൾ കൈവിലങ്ങുമായി ഓടിപ്പോകുകയായിരുന്നു.

























