അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം

നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയ്ന്റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. നടന്റെ വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു.

അല്ലു അര്‍ജുനെ കസ്റ്റഡിയിലെടുത്ത ജൂബിലി ഹില്‍സിലുള്ള വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് പ്രതിഷേധക്കാര്‍ എത്തിയത്. ശേഷം ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഗേറ്റ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയാറായില്ല. അതിന് ശേഷമായിരുന്നു ഇവര്‍ തക്കാളിയും കല്ലും വലിച്ചെറിഞ്ഞത്. പിന്നീട് ഗേറ്റ് ചാടിക്കടന്ന് ചെടിച്ചട്ടിയും മറ്റും നശിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. അല്ലു അര്‍ജുന്റെ വീടിന് കാവലും ഏര്‍പ്പെടുത്തി.