തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസം വേഗത്തിലാക്കാനാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്‍റെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വക്കാൻ സഹായം വാഗ്ദാനം ചെയ്തവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകൾ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി കരട് പ്ലാൻ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നിൽ അവതരിപ്പിച്ചു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

























