ഇനി ജയം രവി അല്ല; പേര് മാറ്റി നടൻ

പ്രമുഖ തമിഴ് നടൻ ജയം രവി തന്റെ പേര് മാറ്റിയതായി അറിയിച്ചു. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തൻറെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തൻറെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിൻറെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ താരം അറിയിച്ചു.

പ്രശസ്ത എഡിറ്റർ എ മോഹൻറെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിൻറെ വിജയത്തിന് ശേഷമാണ് ജയം രവി
എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകർക്ക് പുതുവത്സര, പൊങ്കൽ ആശംസകൾ നേർന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കൽ റിലീസ് ആയി എത്തുന്ന രവി മോഹൻ ചിത്രം കാതലിക്ക നൈരമില്ലൈയുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് പ്രഖ്യാപനം.

പേരിലെ മാറ്റത്തിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറിൽ എത്തുകയെന്നും താരം അറിയിച്ചു. പുതുമുഖങ്ങൾക്കും അവസരങ്ങളൊരുക്കുന്ന അതേസമയം അർഥവത്തായ സിനിമകൾ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പേരിലെ മാറ്റത്തിനൊപ്പം ഫാൻസ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ്‌ ഫൗണ്ടേഷൻ എന്നാണ് ആരാധക കൂട്ടായ്മ ഇനി അറിയപ്പെടുക.