തിരുവനന്തപുരം: വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സർക്കാർ. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരൽമല മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേർ ഇനിയും കാണാമറയത്താണ്.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്.. ഇവർ പ്രാദേശിക സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കൾക്ക് മരണസർട്ടിഫിക്കറ്റ് നൽകും, അതിന് പിന്നാലെ അവരുടെ കുടുംബങ്ങൾക്ക് ധനസഹായം വീട് ഉൾപ്പടെ മറ്റ് സഹായങ്ങൾ അർഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.

























