മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

കൊച്ചി: മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്.

ഉണ്ണി മുകുന്ദന്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജറായ താൻ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി.