കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമർപ്പിച്ചത്.

കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.


കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.























