ഹൈദരാബാദ്: നടി കസ്തൂരി ശങ്കർ ഒളിവിൽ പോയി. തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നടി ഒളിവിൽ പോയതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് കസ്തൂരി വിവാദ പരാമർശം നടത്തിയത്.

രാജാക്കൻമാരുടെ അന്ത:പുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിനുപിന്നാലെയാണ് കസ്തൂരിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. ചെന്നൈയിലും മധുരയിലും കസ്തൂരിയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


പരാതിയെത്തുടർന്ന് പോലീസ് കസ്തൂരിയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കസ്തൂരിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കസ്തൂരി വിശദീകരിച്ചിരുന്നു. തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ഡിഎംകെ സർക്കാരാണെന്നും കസ്തൂരി കുറ്റപ്പെടുത്തിയിരുന്നു.























