ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉദംപുരിൽ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. വ്യോമസേനയിൽ മെഡിക്കൽ സർജന്റായ രാജസ്ഥാൻ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുൻപ് ശനിയാഴ്ച പുലർച്ചെയാണ് ഉദംപുരിൽ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്.

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തിരുന്നു. ഇന്നലെ രാത്രി ആർഎസ് പുര സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ നടന്ന പാക്ക് വെടിവയ്പ്പിൽ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസ് മരിച്ചത്. വെടിവയ്പ്പിൽ മറ്റ് ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവർ സൈനിക കേന്ദ്രത്തിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.























