‘ഇനി സിനിമ ഹിറ്റായിക്കോളും’, യുവതിയുടെ മരണമറിയിച്ചപ്പോൾ അല്ലു പ്രതികരിച്ചതിങ്ങനെ; ആരോപണവുമായി എംഎൽഎ

‘പുഷ്പ-2’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഉവൈസി. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് നടന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന്‌ അക്ബറുദ്ദീൻ ഉവൈസി ആരോപിച്ചു.

യുവതിയുടെ മരണശേഷവും അല്ലു അർജുൻ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകർക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റർ വിട്ടതെന്നും അക്ബറുദ്ദീൻ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാന നിയമസഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അല്ലു അർജുനെ അറിയിച്ചപ്പോൾ ‘ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും’ എന്നായിരുന്നു നടന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.

‘ആ ദാരുണ സംഭവം നടന്നശേഷവും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു. തിയേറ്ററിൽ നിന്ന് പോകുമ്പോൾ കാറിലിരുന്ന് തന്റെ ആരാധകർക്കുനേരെ കൈവിശീക്കാണിക്കാനും മറന്നില്ല. അദ്ദേഹം ആ കൊല്ലപ്പെട്ട സ്ത്രീയേയോ മകനേയോ തിരിഞ്ഞുനോക്കിയല്ല. അതിനെ കുറിച്ച് അന്വേഷിച്ചതുമില്ല. ഞാനും ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങൾക്ക് പോകാറുണ്ട്. അവിടെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്.’-അക്ബറുദ്ദീൻ ഉവൈസി പറയുന്നു.

പോലീസ് അനുവാദം നൽകാതിരുന്നിട്ടും അല്ലു അർജുൻ പുഷ്പ-2 കാണാനായി തിയേറ്ററിലെത്തുകയായിരുന്നെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആരോപിക്കുന്നു. ‘തിയേറ്ററിലേക്ക് വന്നപ്പോഴും തിരിച്ചുപോയപ്പോഴും കാറിന്റെ സൺറൂഫിലൂടെ തല പുറത്തേക്കിട്ട് അല്ലു അർജുൻ ആരാധകർക്കുനേരെ കൈവീശി കാണിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആരാധകർ തിക്കും തിരക്കും കൂട്ടുകയായിരുന്നു’-രേവന്ത് റെഡ്ഡി പറയുന്നു.

ഡിസംബർ നാലിന് സന്ധ്യാ തിയേറ്ററിലാണ് സംഭവമുണ്ടായത്. അല്ലു അർജുനും രശ്മിക മന്ദാനയും തിയേറ്ററിലെത്തിയതോടെ ആളുകൾ തടിച്ചുകൂടുകയും തിക്കിലും തിരക്കിലുംപെട്ട് 39-കാരി മരിക്കുകയുമായിരുന്നു. അവരുടെ മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധത്തിലുള്ള മുൻകരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അർജുനേയും തിയേറ്റർ ഉടമയേയും മാനേജരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.