ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ ബോധവത്കരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ 13-കാരിയായ മകളോട് നഗ്നചിത്രങ്ങൾ അയക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിയോട് നഗ്നചിത്രങ്ങൾ പ്രതി ആവശ്യപ്പെട്ടത്. ‘നടൻ അക്ഷയ് കുമാറിന് വളരെ നടുക്കുന്ന ഒരു അനുഭവമുണ്ട്. സ്വന്തം മകൾ സൈബർ ലൈംഗികാതിക്രമം നേരിട്ടുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആ പെൺകുട്ടി വളരെ ധൈര്യശാലിയായിരുന്നു. അവൾ സംഭവം മാതാപിതാക്കളോട് പറഞ്ഞു. അവർ വഴി ഞങ്ങൾക്ക് വിവരം ലഭിച്ചു. അങ്ങനെയാണ് ഈ കേസ് ഞങ്ങൾ അന്വേഷിക്കുന്നത്.’ -യശസ്വി യാദവ് ബോധവത്കരണ പരിപാടിയിൽ വിദ്യാർഥികളോട് പറഞ്ഞു.

തുടർന്ന് അദ്ദേഹം അക്ഷയ് കുമാർ സംസാരിക്കുന്നതിന്റെ വീഡിയോ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 2025 ഒക്ടോബറിലെ വീഡിയോയായിരുന്നു അത്. തന്റെ മകൾക്കുണ്ടായ ദുരനുഭവമാണ് താരം വീഡിയോയിൽ പറഞ്ഞത്. ‘മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിലുണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. അപരിചിതർക്കൊപ്പം ഓൺലൈനായി കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. ഗെയിം കളിക്കുന്നതിനിടെ നിങ്ങൾക്ക് മെസേജുകൾ വരും. അത് വളരെ നന്നായിരുന്നു, നിങ്ങൾ ഗംഭീരമാണ് എന്നെല്ലാം വളരെ മാന്യമായ സന്ദേശങ്ങൾ. പൊടുന്നനെ അവളോട് ഒരാൾ ചോദിച്ചു എവിടെയാണ് സ്ഥലം എന്ന്. അവൾ മുംബൈ എന്ന് പറഞ്ഞു.’ -അക്ഷയ് കുമാർ പറഞ്ഞു.

























