‘പോടാ പുല്ലേ പൊലീസേ’; ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ പ്രതി ചേർത്തു. മാർച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലേഖയെ പ്രതി ചേർത്ത് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയത്. ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തിട്ടുണ്ട്.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് ആർ ശ്രീലേഖ ഏറ്റുവിളിച്ചതാണ് വിവാദമായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ മുൻ സഹപ്രവർത്തകർക്കെതിരെ തന്നെ തെരുവിൽ മുദ്രാവാക്യം വിളിച്ചതിനെതിരെ സിപിഎം രംഗത്തുവന്നിരുന്നു. വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് അടക്കമുള്ളവരാണ് ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയെ കേസിൽ പ്രതി ചേർത്തത്.

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയാണ് ആർ ശ്രീലേഖ മഴയെ പോലും അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്. കേസിൽ ആദ്യ ഘട്ടത്തിൽ അഞ്ചു പ്രതികൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ കണ്ടാലറിയുന്ന 50 പേർക്കുമെതിരെയുമാണ് കേസെടുത്തത്. ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ ശ്രീലേഖയെ അഞ്ചാം പ്രതിയാക്കിയും ആശാനാഥിനെ ആറാം പ്രതിയാക്കിയുമാണ് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയത്.