ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസം നടൻ അല്ലു അർജുന്റെ സന്ദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കുകയും ഇവരുടെ മകൻ കോമയിലാവുകയും ചെയ്ത സംഭവത്തിന് പിന്നാലെ കർശന നടപടികളുമായി തെലങ്കാന സർക്കാർ. സിനിമകളുടെ റിലീസിനോടനുബന്ധിച്ച് താരങ്ങൾ തിയേറ്റർ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ് തെലങ്കാന സർക്കാർ.

സിനിമകളുടെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങളുടെ തിയേറ്റർ സന്ദർശനം അനുവദിക്കില്ലെന്ന് തെലങ്കാന നിയമസഭയിൽ അറിയിച്ചിരിക്കുകയാണ് സിനിമാട്ടോഗ്രഫി വകുപ്പ് മന്ത്രി കോമാട്ടി റെഡ്ഡി വെങ്കട് റെഡ്ഡി. അധിക ഷോകൾ അനുവദിക്കില്ല. സിനിമാ വ്യവസായത്തിൻ്റെ പ്രോത്സാഹനത്തിനായി സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് തുടരും. പുഷ്പ 2 അടക്കം മുൻനിര താരങ്ങൾ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.


ഡിസംബർ 4 ന് സന്ധ്യ തിയേറ്ററിൽ ഒരു സ്ത്രീയുടെ ജീവനെടുക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമാട്ടോഗ്രഫി മന്ത്രിയുടെ പ്രഖ്യാപനം. മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം നടൻ അല്ലു അർജുൻ പാലിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.
പ്രതീക് ഫൗണ്ടേഷനിൽ നിന്ന് 25 ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്ന് വെങ്കട്ട് റെഡ്ഡി അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കിംസ് ആശുപത്രിയിലെത്തി സന്ദർശിച്ച അദ്ദേഹം 25 ലക്ഷം രൂപയുടെ ചെക്ക് പിതാവ് ഭാസ്‌കറിന് കൈമാറി. അവശനിലയിൽ കഴിയുന്ന കുട്ടിയുടെ ചികിൽസാ ചെലവ് സർക്കാർ തുടർന്നും വഹിക്കുമെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. അല്ലു അർജുനോ സിനിമാ യൂണിറ്റിലെ മറ്റേതെങ്കിലും അംഗമോ കുടുംബത്തെ ആശ്വസിപ്പിക്കാനോ പരിക്കേറ്റ കുട്ടിയെ കാണാനോ പോയിട്ടില്ലെന്ന് വെങ്കട് റെഡ്ഡി പറഞ്ഞു.























