‘അമ്മ’ തെരഞ്ഞെടുപ്പില്‍ നിന്ന് ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് അനൂപ് ചന്ദ്രന്‍; ആര്‍ക്കും മത്സരിക്കാമെന്ന് സരയൂ

കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയരെ മത്സരിപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയൂ പ്രതികരിച്ചു. അതേസമയം അതില്‍ നിന്ന് വ്യത്യസ്തമായി ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്നാണ് നടന്‍ അനൂപ് ചന്ദ്രന്‍റെ പ്രതികരണം. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ മത്സര രംഗത്തേക്ക് വരണം. ശുദ്ധമുള്ള അമ്മയാക്കി, നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം, തെര‍ഞ്ഞെടുപ്പില്‍ താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മോഹൻലാൽ. ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കുമെന്ന് ജഗദീഷ് അറിയിച്ചു.