വലിയ വിവാദങ്ങൾക്കിടെയാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടന്നത്. 506 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം. ഇവരിൽ 298 പേർ വോട്ടവകാശം വിനിയോഗിക്കാൻ കൊച്ചിയിലെത്തി. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ജയസൂര്യ തുടങ്ങിയ താരങ്ങൾ വോട്ട് ചെയ്യാനെത്തിയിരുന്നു.

വനിതകൾ ആവേശപൂർവം പങ്കെടുത്ത ഈ തിരഞ്ഞെടുപ്പിൽ മുതിർന്ന വനിതാ താരങ്ങളായ ഉർവശിയും മഞ്ജു വാരിയരും എത്തിച്ചേർന്നിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം തുടങ്ങിയവരും ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയില്ല. ചെന്നൈയിൽ ആയതിനാലാണ് മമ്മൂട്ടിക്ക് തിരഞ്ഞെടുപ്പിന് എത്താൻ കഴിയാതെ പോയത്.


രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങൾക്കാണ് ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റർ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ തന്നെ ഒരു സംഘം വനിതകൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പൊതു പ്രതികരണങ്ങൾക്ക് നിൽക്കാതെ സംയമനത്തോടെയായിരുന്നു കുക്കുവിന്റെ ഇടപെടൽ. എന്തായാലും, ഈ വിജയത്തോടെ സംഘടനയിലെ തന്റെ വിശ്വാസ്യത കൂടി തെളിയിക്കുകയാണ് കുക്കു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻസിബ ഉൾപ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടു പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.























