കൊച്ചി: കേരള പൊലീസിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനായി അന്വേഷണം ആരംഭിച്ചു. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥൻ ആരെന്നാണ് അന്വേഷണം. ‘‘വീട്ടിൽ നിന്നിറങ്ങും മുൻപു ഫോൺ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തയാറായി നിൽക്കുകയാണ്. പനിയോ ചെവിയിൽ അസുഖം ഉണ്ടെങ്കിലോ മുന്നിൽ നിൽക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസിൽ 60 ശതമാനം പേരും മോദി ഫാൻസാണ്’’– ശോഭാ സുരേന്ദ്രൻറെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ഒറ്റുകാരനായ പൊലീസിനെ കണ്ടെത്തണമെന്ന നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.

സിപിഎം, കോൺഗ്രസ് അനുഭാവികളായ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എന്നാൽ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളിൽ കഴിഞ്ഞകാലങ്ങളിൽ വർധിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെയാണ് സംശയം. അതേസമയം, തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ജില്ലാ പ്രസിഡന്റിന്റെ തലയ്ക്കടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആരെന്നാണ് ബിജെപി തിരയുന്നത്. സിറ്റി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻറെ തലയിലാണ് അടിയേറ്റത്. മാസ്ക് ധരിച്ച ഈ പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് ബിജെപി കണ്ടുപിടിച്ചിട്ടില്ല.

























