‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ പിന്നിൽ നടക്കുന്ന കഥാപാത്രം ചെയ്തതിൽ കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ആനന്ദ്. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് എന്ന് നടൻ ബിജു മേനോൻ ചോദിച്ചെന്നും ആനന്ദ് പറയുന്നു. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന പേര് കേൾക്കുമ്പോൾ എന്താണ് ഓർമ വരുന്നത് എന്ന ചോദ്യത്തിനായിരുന്നു ആനന്ദിന്റെ മറുപടി.

‘ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ എന്തിനാണ് അഭിനയിച്ചത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ആ കഥാപാത്രം ചെയ്തതിൽ എനിക്ക് കുറ്റബോധമുണ്ട്. മോഹൻലാലിന്റെ പിന്നിൽ നിൽക്കാൻ മാത്രമായൊരു കഥാപാത്രമായിരുന്നു അത്. ഞാൻ എന്തിന് അത് ചെയ്തു എന്ന് ആലോചിട്ടുണ്ട്. പക്ഷേ കമ്മിറ്റ് ചെയ്തതു കൊണ്ട് സിനിമ പൂർത്തിയാക്കി. 10 ദിവസമാണ് ആ സിനിമയ്ക്ക് വേണ്ടി ചോദിച്ചത്. എന്നാൽ ഷൂട്ട് 20 ദിവസം നീണ്ടു. ഇത്രയും ദിവസത്തേക്ക് എനിക്കു വേണ്ട തുക ചോദിച്ചപ്പോൾ കയ്പ്പേറിയ അനുഭവമാണുണ്ടായത്. സെറ്റിൽ വച്ച് ബിജു മേനോൻ എന്നോട് ചോദിച്ചു, എന്തിനാണ് ആനന്ദ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് എന്ന്. അദ്ദേഹത്തിനത് ഓർമയുണ്ടാകുമോ എന്ന് അറിയില്ല.’– ആനന്ദിന്റെ വാക്കുകൾ. ‘ക്രിസ്ത്യൻ ബ്രദേഴ്സി’ൽ അധോലോക നായകനായ ക്രിസ്റ്റിയുടെ സഹായി രഞ്ജിത്തായാണ് ആനന്ദ് അഭിനയിച്ചത്. നടൻ നിയാസും മറ്റൊരു സഹായിയായി ഉണ്ടായിരുന്നു.

























