കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി കോട്ടയം, തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടിൽ ആശ്വാസ വാക്കുകൾ പറയാൻ പോലും മന്ത്രിയെത്തിയില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

ബിന്ദുവിന്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്. അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമാണെന്നും ഇവർക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.


അതേസമയം,കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫയർഫോഴ്‌സ്, പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം തുടങ്ങിയവരിൽ നിന്ന് കലക്ടർ വിവരങ്ങൾ തേടി. രക്ഷാപ്രവർത്തനം, അപകടം ഉണ്ടായ കെട്ടിടത്തിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറമെന്നാണ് നിർദ്ദേശം.























