തൃശൂർ: കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരൻ ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതിൽ ആശങ്ക. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആൽജോയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ വീട്ടിൽ കണ്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെയാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് ശംഖുവരയൻ പാമ്പിന്റെ കുഞ്ഞുങ്ങൾ നിരവധി ഉണ്ടോ എന്ന പരിഭ്രാന്തി ഉയർന്നിട്ടുണ്ട്.

പാമ്പിൻ കുഞ്ഞുങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താൻ അധികൃതരും നാട്ടുകാരും ചേർന്ന് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്. അതിനിടെ പോസ്റ്റ്‌മോർട്ടത്തിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തിൽ നിന്ന് പാമ്പിൻ വിഷം കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോജ് ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ കിടന്നിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്.

























