കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൻറെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കുമ്പോൾ അടക്കം പാർട്ടിയുടെ പിന്തുണയുണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവർ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവർ പറഞ്ഞു.

























