നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ഉവകാശപ്പെട്ടു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബയ്ക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ നൽകിയ പരാതിയുടെ പൂർണ്ണരൂപവും മിഥിലാജ് പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയ പരാതിയുടെ പകർപ്പാണ് മിഥിലാജ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.


നേരത്തെ, ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ഈ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പരാമർശിച്ചിരുന്നു.
മിഥിലാജ് അബ്ദുൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
അൻസിബ, സത്യം മറച്ചുവെച്ച് നീ ആരെയാണ് സംരക്ഷിക്കുന്നത്? ലക്ഷ്മിപ്രിയ വിഷയത്തിലെ നിന്റെ മൗനം ആപത്താണ്!
പ്രിയ അൻസിബ,
നീ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരം നിന്റെ മൗനത്തിലുണ്ട്. ഇത്രയേറെ അനുഭവിച്ചിട്ടും, ആരെ സംരക്ഷിക്കാനാണ് നീ ഇനിയും സത്യങ്ങൾ മറച്ചുവെക്കുന്നത്? ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തിൽ നിന്റെ നിലപാടുകൾ പലപ്പോഴും അവ്യക്തമാണ്. ചില കാര്യങ്ങൾ തുറന്നുപറയാൻ നീ ഇനിയെങ്കിലും തയ്യാറാകണം.
റാസൽ ഖൈമയിലെ കാന്താരി റെസ്റ്റോറന്റിൽ 2025 നവംബർ 2-ന് നടന്ന പരിപാടിയിലേക്ക് ലക്ഷ്മിപ്രിയയുടെ കൂടെ വരാൻ നിന്നെ ക്ഷണിച്ചിരുന്നുവല്ലോ? ആ ക്ഷണം നീ എന്തുകൊണ്ട് നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം എന്താണ്? സിനിമാമേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന വിവരം നീ അറിഞ്ഞതുമുതലാണോ നിന്റെ പ്രശ്‌നങ്ങൾ ആരംഭിച്ചത്? ഇക്കാര്യങ്ങൾ തുറന്നുപറയാൻ നീ എന്തുകൊണ്ട് മടിക്കുന്നു?
”ദുബായിൽ പോയപ്പോൾ ഫോട്ടോ എടുത്തിരുന്നോ?” എന്ന വളരെ ലളിതമായ ചോദ്യം ചോദിച്ചതിനാണ് ലക്ഷ്മിപ്രിയ നിനക്കെതിരെ കേസ് നൽകിയത്. ആ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ നീ തയ്യാറുണ്ടോ? അന്ന് റാസൽ ഖൈമയിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണോ ലക്ഷ്മിപ്രിയ ഇത്തരമൊരു കേസിന് മുതിർന്നത്? തന്റെ രഹസ്യങ്ങൾ നിന്റെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണോ അവർ നിയമത്തെ കൂട്ടുപിടിച്ചത്?
കൂടാതെ, ലക്ഷ്മിപ്രിയയുടെ സുഹൃത്തായ ആശ തൃപ്പൂണിത്തുറ നിനക്ക് നൽകിയ വിവരങ്ങളും ശ്രദ്ധേയമാണ്. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ നടക്കുന്ന മണി ലോണ്ടറിംഗ് (Money Laundering) ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ അറിഞ്ഞ നിമിഷം മുതലാണോ നിങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചത്? ഈ സാമ്പത്തിക തിരിമറികൾ എന്തുകൊണ്ട് നീ ഇതുവരെ പുറത്തറിയിച്ചില്ല?
അൻസിബ, ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ടിനി ടോമിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ നിന്റെ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും.
ഒരു കാര്യം കൂടി വ്യക്തമാക്കുന്നു: നിന്റെയും നിന്റെ അഭിഭാഷകന്റെയും അനുവാദത്തിനായി ഇനിയും കാത്തുനിൽക്കാൻ ഞാൻ തയ്യാറല്ല. ആ പരാതിയുടെ പകർപ്പ് ഞാൻ പുറത്തുവിടുകയാണ്.























