സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവന്ന രാപകൽ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാപകൽ സമരം 265 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കുന്നത്.

സെക്രട്ടറേറിയേറ്റിന് മുന്നിലെ സമരം നാളെ അവസാനിപ്പിക്കുമെന്ന് എം എ ബിന്ദു പറഞ്ഞു. ജില്ലകളിലെ സമര രീതി ആലോചിച്ച് നടപ്പാക്കും. ആശ സമരം തുടങ്ങിയതിന്റെ വാർഷിക ദിനമായ 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് വീണ്ടും തിരിച്ചുവരും. അതൊരു ചരിത്ര ദിനമാണെന്നും ബിന്ദു പ്രതികരിച്ചു. എട്ടു മാസത്തെ സമര ജീവിതം പുതിയ പാഠങ്ങളാണ് നൽകിയത് എന്നും ആശ സമരസമിതി ജനറൽ സെക്രട്ടറി പറഞ്ഞു. ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം സമര വിജയം ആയിട്ടാണ് ആശമാർ കണക്കാക്കുന്നത്. ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു ആശമാരുടെ സമരം തുടങ്ങിയത്. ഇപ്പോഴത്തെ തീരുമാനം സർക്കാരിന്റെ കടുംപിടിത്തത്തിൽ നിന്നുള്ള പിന്നോട്ട് പോക്കായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സമരത്തിന്റെ രീതി മാറ്റണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായി നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് ആശ സമരസമിതി ജനറൽ സെക്രട്ടറി എം.എ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും ന്യായമാണെന്ന് കൂടിയാണ് സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തെളിയുന്നതെന്നും എം എ ബിന്ദു പറയുന്നു.