തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ഡൽഹി ഇന്ദിരാഭവനിൽ ചേർന്ന നേതൃയോഗത്തിലാണ് സംഭവം. യോഗത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്‌പോരുണ്ടായി.

രാഹുൽ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വിഡി സതീശന്റെ പേരെടുത്ത് പറയാതെയാണ് രൂക്ഷ വിമർശനം ഉയർത്തിയത്. കെപിസിസി വിളിക്കുന്ന നിർണായക യോഗങ്ങൾ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാക്കുന്ന ഒരു പ്രത്യേക നേതാവിന്റെ ശീലം സംഘടനയ്ക്ക് വലിയ നഷ്ടം വരുത്തിയെന്ന് ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ യോഗത്തിൽ പങ്കെടുത്ത സംസ്ഥാനത്തു നിന്നുള്ള നേതാക്കളെ അത്ഭുതപ്പെടുത്തി.


ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്നും, എല്ലാ നേതാക്കളും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടുവെന്ന് യോഗത്തിൽ പങ്കെടുത്ത നേതാവ് വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. യോഗത്തിൽ ആരും വി ഡി സതീശനെ പിന്തുണച്ചില്ല. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവർക്ക് പുറമെ കേരളത്തിൽ നിന്നുള്ള നേതാക്കളായ സണ്ണി ജോസഫ്, വിഡി സതീശൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, മൂന്ന് കെപിസിസി വർക്കിങ് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന കോൺഗ്രസിൽ പുതിയ നേതൃത്വം ചുമതലയേറ്റതിനുശേഷം തന്നെ സംഘടനാ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ ആരോപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കുമ്പോൾ തന്നോട് ആലോചിച്ചിരുന്നില്ലെന്നും സതീശൻ പറഞ്ഞു. പുതിയ കെപിസിസി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിച്ചപ്പോൾ കൂടിയാലോചിച്ചില്ല എന്നായിരുന്നു സതീശന്റെ പരാതി. എന്നാൽ ഈ ആരോപണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിഷേധിച്ചു.
കെപിസിസി ഭാരവാഹി പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് സതീശനെ രണ്ടോ മൂന്നോ തവണ ബന്ധപ്പെട്ടിരുന്നുവെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനോട് പറഞ്ഞു. മുതിർന്ന നേതാക്കളും മുൻ കെപിസിസി പ്രസിഡന്റുമാരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുമായും മതിയായ കൂടിയാലോചന നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിൽ നേതാക്കൾക്കിടയിൽ ഐക്യം വേണമെന്ന് പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് രാഹുൽ ഗാന്ധി കേരള നേതാക്കളെ ഓർമ്മിപ്പിച്ചു. ഖാർഗെയും രാഹുലുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളിൽ, മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ സംഘടനാ കാര്യങ്ങളിൽ നടത്തുന്ന അമിതമായ ഇടപെടലിനെക്കുറിച്ച് സംസ്ഥാന നേതാക്കൾ പരാതിപ്പെട്ടു. പുതിയ കെ പി സി സി പ്രസിഡന്റിന്റെ അനുഭവക്കുറവ് മൂവരും മുതലെടുക്കുകയാണെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം കണക്കിലെടുത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു കോർ കമ്മിറ്റി രൂപീകരിക്കാൻ എ ഐ സി സി തീരുമാനിച്ചു. നിലവിലുള്ള ജംബോ കമ്മിറ്റികളിൽ നിന്ന് വ്യത്യസ്തമായി, പുതിയ സമിതി ചെറുതായിരിക്കും. കെ പി സി സി പ്രസിഡന്റ്, പാർലമെന്ററി പാർട്ടി നേതാവ്, വർക്കിങ് പ്രസിഡന്റുമാർ, മുൻ കെപിസിസി പ്രസിഡന്റുമാർ എന്നിവർ പുതിയ കോർ കമ്മിറ്റിയിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം നേതൃയോഗത്തിലുണ്ടായ വിമർശനങ്ങൾ സംബന്ധിച്ച് പ്രതികരിക്കാൻ ദീപ ദാസ് മുൻഷിയും സതീശനും വിഡി സതീശനും കൂട്ടാക്കിയില്ല.























