കോഴിക്കോട്: എടിഎം കുത്തി തുറന്നു കവർച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. പുലർച്ചെ 2.30ന് കോഴിക്കോട് പറമ്പിൽ കടവിൽ എടിഎം ആണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. പുലർച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം. ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടർ താഴ്ത്തിയ നിലയിലും, ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിർന്നത്.

എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഷട്ടർ തുറക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടർ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്‌പ്പെടുത്തി. പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

























