പ്രമോഷന് വന്നില്ല, ബിജു മേനോൻ കാരണം നിർമാതാവിന് 25 ലക്ഷം നഷ്ടം: ബി. ഉണ്ണികൃഷ്ണൻ

സിനിമകളുടെ പ്രമോഷനിൽ നിന്ന് പ്രമുഖ താരങ്ങൾ വിട്ടുനിൽക്കുന്നതായി ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും നടൻ ബിജു മേനോന്റെ നിസ്സഹകരണം മൂലം ഒരു നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം സംവിധായകൻ കൂടെയാണ്, ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടുന്നതിൽ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും (വലതുവശത്തെ കള്ളൻ) പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല. അദ്ദേഹം പോയിട്ടില്ല. പ്രമോഷൻ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാൻ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയിൽ തർക്കിക്കുന്നതിന്റെ പത്ത് ശതമാനം കാർക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളിൽ ആ നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോൾ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങൾ കറക്ട് ചെയ്യണം.’’– ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിൻറെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു.